മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ പൊലീസിനോട് പറഞ്ഞു. താന്‍ ധരിച്ചിരുന്ന കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്കു നല്‍കിയതായും ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാല്‍ തനിക്കു ഖേദമുണ്ടെന്നും രാകേഷ് വിശദീകരിച്ചു.
പെണ്‍കുട്ടിക്ക് ഷര്‍ട്ട് നല്‍കി. വീട്ടില്‍ പോകണമെന്നായിരുന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ ആശങ്കയിലായിരുന്നു. ആദ്യമായാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. ആരോടു പറയണമെന്ന് അറിയില്ലായിരുന്നു, രാകേഷ് പറഞ്ഞു.
ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് നാലു രാത്രിയാണ് പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു. രാകേഷിന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാമായിരുന്നെന്നും പൊലീസ് പറഞ്ഞു.