ജലന്ധറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ കൊന്ന കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. മക്‌സുദാന്‍ സ്വദേശികളായ സുശീല്‍ മണ്ഡല്‍, ഇയാളുടെ ഭാര്യയായ മീനു എന്നിവരാണ് അറസ്റ്റിലായത്. വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍. അമൃത കുമാരി (9), ശക്തി കുമാരി (7), കഞ്ചന്‍ കുമാരി (4) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തു!ടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പാലില്‍ വിഷം കലക്കി കൊടുത്ത് ആണ് കുട്ടികളെ കൊലപ്പെടുത്തിയത്. ശേഷം ഇരുമ്പുപെട്ടിക്കുളളില്‍ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു. കുട്ടികളെ കാണാതായതായി മാതാപിതാക്കള്‍ തന്നെ പരാതി നല്‍കിയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു. ഞായറാഴ്ച പെണ്‍കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുന്നതായി കണ്ടിരുന്നുവെന്ന് പ്രദേശവാസികളായ കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായി സീനിയര്‍ പോലീസ് സൂപ്രണ്ട് മുഖ്വിന്ദര്‍ സിംഗ് ഭുള്ളര്‍ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയപ്പോള്‍ കണ്ട ഇരുമ്പ് പെട്ടിക്ക് ഭാരം തോന്നി. അത് തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ മൂന്ന് പെണ്‍കുട്ടികളുടെ ചെലവ് താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് രക്ഷിതാക്കള്‍ സമ്മതിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പരാതി നല്‍കിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു