സുവര്‍ണ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്ത് രാഹുല്‍ ഗാന്ധി
അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്ത് രാഹുല്‍ ഗാന്ധി. പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും പങ്കെടുത്തു.
ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാര്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവര്‍ണ്ണ ക്ഷേത്ര സന്ദര്‍ശനം. 1984 ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ കോണ്‍ഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകല്‍ചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാന്‍ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളില്‍ ഇത് വലിയ മുറിവുണ്ടാക്കി. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തങ്ങുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകള്‍ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. സ്ഥലം എംപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുല്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സേവനത്തിന് എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.