തിരുനെല്‍വേലിയില്‍ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ 17കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനിയും ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുമായ സന്ധ്യ(18)യെയാണ് 17കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും ഇതരജാതിയില്‍പ്പെട്ട 17കാരനും അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അടുത്തിടെ ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം.
നെല്ലൈപ്പാര്‍ ക്ഷേത്രത്തിന് സമീപത്തെ ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു സന്ധ്യ. ഇതിനിടെയാണ് 17കാരനുമായി പ്രണയത്തിലായത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും ഇവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി 17കാരനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
ഇനി തന്നെ വിളിക്കാന്‍ ശ്രമിക്കരുതെന്നും എല്ലാം അവസാനിപ്പിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് കൂട്ടാക്കാതിരുന്ന 17കാരന്‍ പെണ്‍കുട്ടിയെ വീണ്ടും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15ഓടെ സന്ധ്യ ഫാന്‍സി സ്റ്റോറിലെ ഗോഡൗണിലേക്ക് പോയിരുന്നു. ഈ സമയം പ്രതിയും പെണ്‍കുട്ടിയെ രഹസ്യമായി പിന്തുടരുകയും ഗോഡൗണിനുള്ളിലിട്ട് പ്രതി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
സന്ധ്യ ഗോഡൗണിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും തിരികെവരാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗോഡൗണിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.