മിന്നല്‍ പ്രളയത്തില്‍ സിക്കിമില്‍ 14 മരണം; 102 പേരെ കാണാതായി, മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

മിന്നല്‍ പ്രളയത്തില്‍ സിക്കിമില്‍ 14 മരണം; 102 പേരെ കാണാതായി, മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയമുണ്ടായ സിക്കിമില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. 22 സൈനികര്‍ ഉള്‍പ്പെടെ 102 പേരെ കാണാതായി. ഇന്നലെ 23 സൈനികരെ കാണാതായിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു. സിക്കിമിലെ വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ട്.


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വിബി പഥക് പറഞ്ഞു. അണക്കെട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള്‍ അണക്കെട്ടിന്റെ തുരങ്കങ്ങളില്‍ കുടുങ്ങിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുക ആയിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു.

ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകള്‍ മുങ്ങിയാണ് സൈനികരെ കാണാതായത്. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. 14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Other News in this category



4malayalees Recommends