അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുന്ന യൂട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടിടിഎഫ് വാസനെന്ന യുട്യൂബര്‍ ജയിലില്‍ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ പറഞ്ഞു.
ചെന്നൈ വെല്ലൂര്‍ ദേശീയ പാതയില്‍ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസന്‍ തെറിച്ചു വീണത്. യൂട്യൂബില്‍ വാസനെ 4.5 ദശലക്ഷം പേര്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു.
അപകട സമയത്ത് വാസന്‍ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും രണ്ടു ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്. ഇയാളുടെ അഭ്യാസത്തില്‍ നിന്ന് മറ്റുള്ളവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റിസ് പറഞ്ഞു.
വാസന്റെ പ്രവൃത്തി പിന്തുടര്‍ന്ന് മറ്റ് യുവാക്കളും ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു. വാസന്റെ ജാമ്യാപേക്ഷ നേരത്തേയും കോടതി തള്ളിയിരുന്നു.