കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പമുള്ള സബ് ഇന്‍സ്‌പെക്ടറുടെ സെല്‍ഫി വിവാദമാകുന്നു. തമിഴ്‌നാട്ടലെ തിരുനെല്‍വേലിക്ക് സമീപത്തെ നെല്ലായപ്പാര്‍ ക്ഷേത്രത്തിന് സമീപമുള്ള ഫാന്‍സി സ്റ്റോറിന്റെ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെയാണ് പതിനേഴുകാരന്‍ കൊന്നത്.
കൗമാരക്കാരനായ പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലയ്ക്ക് കാരണമായതായി പറയുന്നത്. ഫാന്‍സി സ്റ്റോറിന്റെ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പതിനേഴുകാരന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും പൊലീസും തമ്മിലുള്ള വീഡിയോ സംഭാഷണം ചോര്‍ത്തിയെന്ന പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിക്കൊപ്പമുള്ള സബ് ഇന്‍സ്‌പെക്ടറുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു വീഡിയോ ചിത്രീകരണവും സെല്‍ഫി പകര്‍ത്തലും നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കൊപ്പം സബ് ഇന്‍സ്‌പെക്ടര്‍ ശക്തി നടരാജനും മറ്റൊരു കോണ്‍സ്റ്റബിളുമാണ് സെല്‍ഫി എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിയെ പൊലീസ് ആശ്വസിപ്പിക്കുന്നതും ശരീരത്തിലേറ്റ മുറിവുകള്‍ പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം. അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പൊലീസിന് അനുകൂലമായി സംസാരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊലപാതകിയായ കൗമാരക്കാരന്‍ ഉയര്‍ന്ന ജാതിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇതിനിടെ ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വിവാദ സെല്‍ഫിയുടെ പേരില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ ഇതുവരെ നടപടിയുണ്ടായില്ല.