'ഓപ്പറേഷന്‍ അജയ്', ഇസ്രയേലില്‍ രക്ഷാദൗത്യവുമായി ഇന്ത്യ; എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയാര്‍

'ഓപ്പറേഷന്‍ അജയ്', ഇസ്രയേലില്‍ രക്ഷാദൗത്യവുമായി ഇന്ത്യ; എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയാര്‍
ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ പ്രത്യേക സംഘത്തെ രൂപികരിച്ചു. ഇന്നു മുതല്‍ ഇസ്രയേലില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രില്‍മെയ് മാസങ്ങളില്‍ സംഘര്‍ഷഭരിതമായ സുഡാനില്‍ നിന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്ന ഓപ്പറേഷന്‍ കാവേരിക്ക് ശേഷം ഈ വര്‍ഷത്തെ രണ്ടാമത്തെ ഒഴിപ്പിക്കലാണിത്.

'ഇസ്രായേലില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നു. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധമാണ്,' ജയശങ്കര്‍ എക്‌സിലൂടെ വ്യക്തമാക്കി.

അതേസമയം, ഹമാസുമായുള്ള യുദ്ധത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷവും. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനായി ഇസ്രായേല്‍ സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. സര്‍ക്കാരിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതായിരിക്കും ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിമാരാകും.

ഇസ്രായേലിന്റെ മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ് മന്ത്രിസഭയിലേക്ക് എത്തുന്നതോടെ ഇസ്രായേല്‍ യുദ്ധ മുഖത്ത് കൂടുതല്‍ ശക്തമാകും. അതേ സമയം പലസ്തീനിലെ ഏക വൈദ്യുത നിലയം അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്ന് പലസ്തീന്‍ വൈദ്യുത മന്ത്രാലയം അറിയിച്ചു. 40 കിലോമീറ്റര്‍ വരുന്ന കര വഴിയുള്ള ഗാസ അതിര്‍ത്തിയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്.

Other News in this category



4malayalees Recommends