കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടി ; ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തുക

കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടി ; ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തുക
ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കോര്‍പ്പറേറ്റര്‍ അശ്വതമ്മയുടെ വീട്ടില്‍ നിന്നും 42 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടിയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്.

പരിശോധന നടക്കുമ്പോള്‍ കൗണ്‍സിലറായ അശ്വതമ്മ, ഭര്‍ത്താവ് അംബികാപതി, ഇവരുടെ മകള്‍, അശ്വതമ്മയുടെ സഹോദരി ഭര്‍ത്താവ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആദായ നികുതി വകുപ്പ് സംഘം പരിശോധനയ്ക്കായി എത്തുന്നത്.

അതേസമയം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാനുള്ള പണം ആണിതെന്ന് ധനമന്ത്രി ഹരീഷ് റാവു ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ സംസ്ഥാനത്തേക്ക് പണം ഒഴുക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടെന്നും അവര്‍ക്ക് വിജയിക്കാനാകില്ലെന്ന് ഹരീഷ് റാവു പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പണമൊഴുക്കിയുള്ള വോട്ട് കച്ചവടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിആര്‍എസ് അദ്ധ്യക്ഷന്‍ കെ ടി രാമറാവുവും ആരോപിച്ചു.

നവംബര്‍ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ആര്‍ അംബികാപതി. 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ ഏറേയും. ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വഴി ഹൈദരാബാദിലേക്ക് പണമെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുടെ സഹോദരിയാണ് അശ്വതമ്മ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രധാന പ്രചരണമായിരുന്നു 40 ശതമാനം കമ്മീഷന്‍ പറ്റിയെന്ന ആരോപണം. പൊതുമരാമത്ത് പദ്ധതിയുടെ കരാര്‍ തുക ലഭിക്കാന്‍ കമ്മീഷന്‍ ചോദിക്കുന്നുവെന്നായിരുന്നു ആരോപണം.

Other News in this category



4malayalees Recommends