ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് തെറ്റ്, സ്വകാര്യതയുടെ ലംഘനം: ഛത്തീസ്ഗഢ് ഹൈക്കോടതി

ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് തെറ്റ്, സ്വകാര്യതയുടെ ലംഘനം: ഛത്തീസ്ഗഢ് ഹൈക്കോടതി
അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി.

ഭാര്യയുടെ അറിവോടെയല്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശത്തിന്റെയും ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാമെന്ന കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെയുടേതാണ് പുതിയ ഉത്തരവ്. 2021 ഒക്ടോബര്‍ 21ലെ കുടുംബകോടതി ഉത്തരവിനെതിരെ ആശാ ലത സോണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെ സംഭാഷണം അവരറിയാതെ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്തതാണെന്നും ഇതവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹൈക്കോടതിയില്‍ യുവതിയുടെ അഭിഭാഷകനായ വൈഭവ് എ ഗോവര്‍ധന്‍ വാദിച്ചു.

സുപ്രീംകോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും പുറപ്പെടുവിച്ച ചില വിധികളും അദ്ദേഹം ഉദ്ധരിച്ചു. കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഭാര്യയുടെ ഹര്‍ജി അംഗീകരിക്കുകയായിരുന്നു.

Other News in this category



4malayalees Recommends