ഉച്ച സമയത്ത് ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിച്ച് അമ്മായി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹനുമന്തല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗറിലാണ് സംഭവം. സക്കില്‍ മന്‍സൂരി എന്നയാളുടെ 2 വയസുള്ള മകളെ ഉച്ചയോടെ കാണാതായി. മകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പൊലീസിനെ സമീപിച്ചു. പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഡ്രോയിംഗ് റൂമിലെ സോഫയ്ക്കടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മായി അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പെണ്‍കുട്ടി തന്റെ മുറിയില്‍ വന്നിരുന്നുവെന്ന് അഫ്‌സാന മൊഴി നല്‍കി. കുട്ടിയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും അടിക്കുകയും ചെയ്തു. ഇതോടെ കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ മൂക്കും വായും കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ഇതിനിടെ കുട്ടി ശ്വാസം മുട്ടി മരിച്ചു. ഭയം മൂലം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കുക ആയിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി.