ഡ്രീം 11 എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി രൂപ നേടി കോടീശ്വരനായ പൂനെ പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂനെയിലെ പിംപ്രിചിഞ്ച്‌വാഡ് പോലീസ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഉൃലമാ11 എന്ന ജനപ്രിയ ഓണ്‍ലൈന്‍ ഗെയിം കളിച്ച് സബ് ഇന്‍സ്‌പെക്ടര്‍ സോമനാഥ് ജെന്‍ഡെ ഒരു വലിയ തുക നേടിയിരുന്നു. ഇത് നാട്ടുകാര്‍ അറിഞ്ഞതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. പോലീസ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അനുമതിയില്ലാതെയാണ് ജെന്‍ഡെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതെന്നും പോലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്ന ഗോര്‍ ആണ്. ഡിപ്പാര്‍ട്ട്‌മെന്റല്‍ അന്വേഷണത്തില്‍ ജെന്‍ഡെ ഇപ്പോള്‍ മൊഴി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
'അന്വേഷണത്തില്‍ ഇയാള്‍ അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തി. ഇത് സസ്‌പെന്‍ഷനിലേക്ക് നയിച്ചു. ഇത് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ നിന്ന് അവരും വിട്ട് നില്‍ക്കണം. അല്ലെങ്കില്‍ അവര്‍ക്കും അച്ചടക്ക നടപടി നേരിടേണ്ടിവരും', സ്വപ്ന പറഞ്ഞു.