ബിജെപി ജെഡിഎസ് സഖ്യ പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ശശി തരൂര്‍; എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ചര്‍ച്ചയാക്കി കോണ്‍ഗ്രസ്

ബിജെപി ജെഡിഎസ് സഖ്യ പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ശശി തരൂര്‍; എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ചര്‍ച്ചയാക്കി കോണ്‍ഗ്രസ്
കര്‍ണാടകത്തില്‍ എന്‍ഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയെന്ന ജെഡിഎസ് തലവന്‍ എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്. ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു.ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കള്‍ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകും. അതിനാല്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി.

ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളില്‍ അന്വേഷണം അവസാനിച്ചത് ബിജെപി ബന്ധത്തെ തുടര്‍ന്നാണ്. ഇന്ത്യ മുന്നണിയില്‍ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാന്‍ കേരളാ സിപിഎം ശ്രമിച്ചു. ഇപ്പോള്‍ കരുവന്നൂര്‍ കേസ് ഒത്തുതീര്‍ക്കാനാണ് ശ്രമം. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായി വിവരമുണ്ടെന്നും വിടി സതീശന്‍ ആരോപിച്ചു.

സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീര്‍ പറഞ്ഞു. ബിജെപി സിപിഎം ബാന്ധവം പുറത്ത് വന്നെന്ന് കുറ്റപ്പെടുത്തിയ എംകെ മുനീര്‍, ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ സിപിഎം ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിമര്‍ശിച്ചു.

കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നാണ് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയത്. പാര്‍ട്ടി കേരള ഘടകവും ബിജെപിയുമായുള്ള സഖ്യനീക്കത്തെ പിന്തുണച്ചതായി എച്ച്ഡി ദേവഗൗഡ അറിയിച്ചതോടെ പരുങ്ങലിലായ ജെഡിഎസ് കേരള ഘടകം ദേശീയ അധ്യക്ഷനെതിരെ രംഗത്തുവന്നു.

ജെഡിഎസ്– എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന എച്ച്ഡി ദേവ ഗൗഡയുടെ വാദം തള്ളി രംഗത്തെത്തിയത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിലെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ്. തുടര്‍ന്ന് ദേശീയ അധ്യക്ഷനെ തള്ളി മാത്യു ടി തോമസും രംഗത്ത് വന്നിരുന്നു.

Other News in this category



4malayalees Recommends