വരുന്ന രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയിലും കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ തുടരുന്നു. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന് 167 സ്ഥാനാര്‍ത്ഥികളെയും ബിജെപിക്ക് 76 സ്ഥാനാര്‍ത്ഥികളെയും ഇനി പ്രഖ്യാപിക്കാനുണ്ട്. മണ്ഡലങ്ങളില്‍ തുടരുന്ന തര്‍ക്കമാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിപ്പിക്കുന്നത്.
കോണ്‍ഗ്രസില്‍ അശോക് ഗഹ്‌ലോട്ട് സച്ചിന്‍ പൈലറ്റ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി ഉള്ള ഓട്ടത്തിലാണ് ഇരുവരും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ചുരുക്കം ചില മന്ത്രിമാരും എംഎല്‍എമാരും മാത്രമാണ് സ്ഥാനം പിടിച്ചത്. ആദ്യ ചര്‍ച്ചയില്‍ തന്നെ നൂറുമണ്ഡലങ്ങളില്‍ ഒറ്റ പേരിലേക്ക് എത്തിയെന്ന് കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ പറയുമ്പോഴും 33 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് കോണ്‍ഗ്രസിന് പ്രഖ്യാപിക്കാനായത്.
124 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപിക്കും വെല്ലുവിളികള്‍ ഏറെയാണ്. എംപിമാരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സംസ്ഥാനത്ത് ഇപ്പോഴും അമര്‍ഷം പുകയുകയാണ്. നവംബര്‍ ആറിനാണ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 25നാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്.