എംപി മഹുവ മൊയ്ത്രക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, തൃണമൂല്‍ കോണ്‍ഗ്രസും മൗനം പാലിക്കുകയാണ്. ലോക്‌സഭയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണങ്ങള്‍ ഏറെ വിവാദം സൃഷ്ടിക്കുമ്പൊഴും തൃണമൂല്‍ നേതൃത്വത്തിന്റെ മൗനം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെ സൂചിപ്പിക്കുകയാണ്. ആരോപണത്തിന്റെ എല്ലാ ഭാരവും മഹുവയില്‍ തന്നെ ഏല്‍പ്പിച്ച തരത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
നടപടിക്രമം അതിന്റേതായ രീതിയില്‍ എടുക്കട്ടെ. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് മുതിര്‍ന്ന ടിഎംസി നേതാവ് പ്രതികരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയോ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവോ തയ്യാറായിട്ടില്ല. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സഭയില്‍ നിന്ന് മഹുവയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‌വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മഹുവ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോട് (എന്‍ഐസി) അഭ്യര്‍ത്ഥിച്ചു.അതേസമയം, മഹുവ മൊയിത്രയ്‌ക്കെതിരെ ലോക്പാലിന് പരാതി നല്‍കി നിഷികാന്ത് ദുബെ. മഹുവയുടെ പാര്‍ലമെന്റ് അക്കൗണ്ട് ദുബൈയില്‍ ഉപയോഗിച്ചെന്നാണ് പരാതി.