ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. ലാലാ ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പേര്‍ക്ക് എച്ച്‌ഐവി, അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.
രോഗബാധ ആശങ്കാജനകമാണെന്നും അപകടസാധ്യതയുണ്ടെന്നും എല്‍എല്‍ആറിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു. 'ഞങ്ങള്‍ ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി രോഗികളെ കാണ്‍പൂരിലെ റഫറല്‍ സെന്ററിലേക്കും മാറ്റി,' അദ്ദേഹം പറഞ്ഞു.
ബാധയുടെ ഉറവിടം കണ്ടെത്താന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷന്‍ അറിയിച്ചു.