അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്.
ഒക്ടോബര്‍ 18ന് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും പ്രഥമദൃഷ്ടാ ലംഘനമാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.
ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ ലക്ഷ്യമിട്ടായിരുന്നു ഹിമന്തയുടെ പരാമര്‍ശമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. ഛത്തീസ്ഗഡിലെ കവര്‍ധയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അക്ബറിനെതിരെ ഹിമന്ത വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു അക്ബര്‍ ഒരു സ്ഥലത്ത് വന്നാല്‍, അവര്‍ നൂറ് അക്ബറുകളെ വിളിക്കുമെന്ന് മറക്കരുത്.
അതിനാല്‍, എത്രയും വേഗം അക്ബറിന് യാത്രയയപ്പ് നല്‍കുക. അല്ലാത്തപക്ഷം മാതാ കൗസല്യയുടെ ഈ ഭൂമി അശുദ്ധമാകും' ഹിമന്തയുടെ വാക്കുകള്‍. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. പരാതിയില്‍ ഒക്ടോബര്‍ 30 നകം വിശദീകരണം നല്‍കാനാണ് ഹിമന്ത ബിശ്വ ശര്‍മയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.