ചിക്കമംഗളൂരുവില്‍ പുലിനഖ ലോക്കറ്റ് ധരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചിക്കമംഗളൂരു ജില്ലയില്‍ കലസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ദര്‍ശനാണ് പുലിനഖ ലോക്കറ്റ് ധരിച്ച സംഭവത്തില്‍ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ആര്‍ പുരിയില്‍ നിന്ന് ദര്‍ശനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദര്‍ശനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. അവധി അപേക്ഷ നല്‍കാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് ദര്‍ശനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് ശേഷമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ആറെനൂര്‍ ഗ്രാമവാസികളായ കെ സുപ്രീത്, എന്‍ അബ്ദുള്‍ എന്നിവരാണ് ദര്‍ശന്‍ കഴുത്തിലണിഞ്ഞിരിക്കുന്നത് പുലിനഖമാണെന്ന് കണ്ടെത്തിയത്.
ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ദര്‍ശനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.