മധ്യപ്രദേശിലെ ദമോഹയിലും ചത്തീസ്ഗഡിലെ കൊണ്ടഗാവിലും നടന്ന റാലികളില്‍ കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഭയപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.
പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കൂടാതെ ഹിന്ദി മാത്രം ഉയര്‍ത്തിപിടിക്കുന്ന ബിജെപി നേതാക്കളുടെ മക്കളെല്ലാം പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെരെഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയും കൂടെയുണ്ടായിരുന്നു.
മധ്യപ്രദേശ് കടന്നുപോയത് സുവര്‍ണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നെങ്കില്‍ സാധാരണക്കാരന്റെ കൈകളില്‍ ഒന്നും എത്താതെ പോയത് എന്തുകൊണ്ടാണ് എന്നാണ് പ്രിയങ്ക ചോദിക്കുന്നത്. 225 മാസം കൊണ്ടുള്ള ഭരണത്തില്‍ 250 അഴിമതികളാണ് ബിജെപി മധ്യപ്രദേശില്‍ നടത്തിയതെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.