വൃക്ക രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മകന് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സാ സൗകര്യം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ ബിജെപി എംപി. ലക്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ചത്.
എമര്‍ജന്‍സി വാര്‍ഡില്‍ കിടത്തിചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് ബിജെപി മുന്‍ എംപി ഭൈരന്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്ര മരിച്ചത്. തുടര്‍ന്ന് മകന്റെ മൃതദേഹവുമായി ഭൈരന്‍ പ്രസാദ് മണിക്കൂറുകളോളം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
വൃക്ക സംബന്ധമായ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് രാത്രി പതിനൊന്നുമണിയോടെ ഭൈരന്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വാര്‍ഡില്‍ ചികിത്സാ സൗകര്യം ലഭ്യമായില്ലെന്ന് ഭൈരന്‍ പ്രസാദ് മിശ്ര പറഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
'എന്റെ മകനെ എനിക്ക് നഷ്ടമായി.ഞാന്‍ അവിടെയിരുന്നു പ്രതിഷേധിച്ചു. ആ സമയത്ത് 25 ഓളം പേര്‍ ചികിത്സതേടി അവിടെയെത്തി. എല്ലാവര്‍ക്കും അയാളെ കുറിച്ച് പരാതി ഉണ്ടായിരുന്നു. അയാള്‍ ശിക്ഷിക്കപ്പെടണം.' എന്നാണ് ഭൈരന്‍ പ്രസാദ് മിശ്ര പറഞ്ഞത്.