ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ട്യൂഷന്‍ ടീച്ചറും പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍. കാണ്‍പൂരിലെ ടെക്‌സ്‌റ്റൈല്‍ ബിസിനസുകാരന്റെ മകനാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി. ട്യൂഷന്‍ ടീച്ചര്‍ രജിത, പ്രതിശ്രുത വരന്‍ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് പിടിയിലായത്.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ശേഷം 30 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് സംഘം കുടുംബത്തിന് കത്ത് അയച്ചിരുന്നു. ഈ കത്തില്‍ അല്ലാഹു അക്ബര്‍ എന്നും എഴുതിയിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണ് ഇത്തരത്തില്‍ എഴുതിയതെന്നാണ് പ്രതികളുടെ വാദം. കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായ പ്രഭാത് ശുക്ല കുട്ടിയെ ഒരു സ്റ്റോര്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ട്യൂഷന്‍ ടീച്ചറായ രജിത അന്വേഷിക്കുന്നുവെന്ന് അറിയിച്ചാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയത്.
അതേ സമയം കുട്ടിയെയും കൊണ്ട് സ്‌റ്റോര്‍ റൂമിലേക്ക് കയറിപോകുന്ന പ്രഭാത് 20 മിനുട്ടിന് ശേഷം ഒറ്റയ്ക്ക് തിരികെ വരുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വസ്ത്രം മാറി വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടറില്‍ കയറി തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.