പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം കൈപറ്റിയെന്ന് ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മറ്റിക്ക് മുമ്പാകെ നാളെ ഹാജരാകും. ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മറ്റിക്ക് കത്തയച്ചു. ഡാനിഷ് അലിക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി അംഗം രമേശ് ബിധുഡിക്ക് കൂടുതല്‍ സമയം അനുവദിച്ചത് കത്തില്‍ ചൂണ്ടി കാട്ടുന്നുണ്ട്. തന്റെ കാര്യത്തിലും രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്‌സ് കമ്മിറ്റി സ്വീകരിച്ചത് രണ്ട് നിലപാട് എന്ന് മഹുവ കത്തില്‍ ആരോപിക്കുന്നു.
പാനലുകള്‍ക്ക് ക്രിമിനല്‍ അധികാരപരിധിയില്ല എന്നും എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കറിന് അയച്ച കത്തില്‍ മഹുവ ആരോപിച്ചു. കൈക്കൂലി പരാതി അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയോടും, ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഈ മാസം 31ന് ഹാജരാകാനായിരുന്നു എത്തിക്‌സ് കമ്മിറ്റി ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് പശ്ചിമ ബം?ഗാളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനുള്ളതു കൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിച്ചു. നവംബര്‍ അഞ്ചിനു ശേഷം കമ്മറ്റി നിര്‍ദേശിക്കുന്ന ഏതു ദിവസവും ഹാജരാകാന്‍ തയ്യാറാണെന്നായിരുന്നു പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി അയച്ച സമന്‍സിന് മഹുവ നല്‍കിയ മറുപടി. എന്നാല്‍, നവംബര്‍ രണ്ടിന് തന്നെ ഹാജരാകണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.
അദാനിക്കെതിരെ ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണം കൈപ്പറ്റിയെന്നാരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ രം?ഗത്തുവന്നത്.