ബൈക്കിലെത്തിയ മൂന്നംഗസംഘം ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്.
വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിലുള്ള ഐഐടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റലിന് സമീപമാണ് സംഭവം നടന്നത്. ബുധനാഴ്ച അര്‍ധരാത്രി 1.30ഓടെ ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും ക്യാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തിയത്.
തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ഫോണില്‍ പകര്‍ത്തി. അതിക്രമത്തിനിടെ വിദ്യാര്‍ഥിനി നിലവിളിച്ചപ്പോള്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറും കൈക്കലാക്കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഐഐടി ക്യാമ്പസില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത വന്‍പ്രതിഷേധം അരങ്ങേറി. വിദ്യാര്‍ഥിനിയെ ആക്രമിച്ചവരെ പിടികൂടണമെന്നും പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.