ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതിയുടെ മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി ഗിര്‍വാന്‍ പൊലീസ് അന്വേഷണം തുടരുന്നു.
ഗിര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ താമസിക്കുന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ശുചീകരണ ജോലിക്കായി പോയിരുന്നു. യുവതി ജോലിയ്ക്ക് പോയതിന് പിന്നാലെ മാതാവിനെ അന്വേഷിച്ച് മില്ലിലെത്തിയ മകള്‍ അമ്മയുടെ നിലവിളി മില്ലിനുള്ളില്‍ നിന്ന് കേട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വാതില്‍ തുറന്നപ്പോള്‍ മൂന്ന് കഷ്ണങ്ങളായി കിടന്ന അമ്മയുടെ മൃതദേഹമാണ് കണ്ടത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഗിര്‍വാന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് തിവാരി പറഞ്ഞു.