മാളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകന് കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായണ്‍ (61) അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്3ന് മുന്നില്‍ കീഴടങ്ങിയത്. ബസവേശ്വര നഗര്‍ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയില്‍ ഒരു സ്കൂളിലെ പ്രധാനാധ്യാപകനായി ജോലി നോക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സമയത്ത് മാളിലുണ്ടായിരുന്ന യശ്വന്ത് ജയപ്രകാശ് എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. ആദ്യം അബദ്ധത്തില്‍ യുവതിയെ സ്പര്‍ശിച്ചതാകാമെന്നാണ് യശ്വന്ത് കരുതിയത്. എന്നാല്‍ പിന്നാലെ ഇയാള്‍ സ്ത്രീകള്‍ കൂട്ടമായി നിന്ന മറ്റൊരിടത്തേക്ക് പോയതോടെ മാളിലെ സുരക്ഷാ ജീവനക്കാരന് വീഡിയോ കൈമാറുകയായിരുന്നു.
പിന്നാലെ ബെംഗളൂരുവിലെ ലുലു മാള്‍ മാനേജര്‍ മഗഡി റോഡ് പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് വീട്ടിലെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.