ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയ 39കാരനെ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുപി സ്വദേശി അനില്‍സിംഗ് വിജയ്പാല്‍സിംഗ് ചൗധരിയെയാണ് അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇന്‍ഷുറന്‍സ് തുകയായ 80 ലക്ഷം രൂപ ഇയാള്‍ ക്ലെയിം ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അഹമ്മദാബാദ് നഗരത്തിലെ നിക്കോള്‍ പ്രദേശത്ത് നിന്ന് അനില്‍സിംഗ് വിജയ്പാല്‍സിംഗ് ചൗധരിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ഭട്ടപര്‍സൗള്‍ ഗ്രാമമാണ് ഇയാളുടെ സ്വദേശം.
2006 ജൂലൈ 31നാണ് സംഭവം. ആഗ്രയിലെ രകബ്ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അപകട മരണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപകടത്തില്‍ കാര്‍ കത്തുകയും ഡ്രൈവര്‍ തീപിടുത്തതില്‍ മരിക്കുകയും ചെയ്‌തെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് തന്റെ അനില്‍സിംഗ് ചൗധരിയാണെന്ന് പിതാവ് തിരിച്ചറിഞ്ഞതോടെ മൃതദേഹം വിട്ടുകൊടുത്തു.
അനില്‍സിംഗ് ചൗധരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും രാജ്കുമാര്‍ ചൗധരി എന്ന പുതിയ പേരില്‍ നിക്കോള്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും അടുത്തിടെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്നാണ് നാടകീയമായ അറസ്റ്റ്. താനും പിതാവും ചേര്‍ന്ന് അപകട ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെന്ന് അനില്‍സിംഗ് ചൗധരി പൊലീസിനോട് സമ്മതിച്ചു. പദ്ധതി പ്രകാരം അനില്‍സിംഗ് ചൗധരി 2004ല്‍ അപകട മരണ ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയും പിന്നീട് ഒരു കാര്‍ വാങ്ങുകയും ചെയ്തു.
പിന്നീട്, അനില്‍സിംഗ് ചൗധരിയും പിതാവും സഹോദരങ്ങളും തീവണ്ടികളില്‍ ഭിക്ഷ യാചിക്കുന്ന യാചകനെ ഭക്ഷണം വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടി. ആഗ്രയ്ക്കടുത്തുള്ള ഹോട്ടലില്‍ അവര്‍ യാചകനെ കൊണ്ടുപോയി മയക്കമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബോധരഹിതനാക്കി. അബോധാവസ്ഥയിലായ യാചകനെ പ്രതികള്‍ കാറില്‍ കയറ്റി ബോധപൂര്‍വം കാര്‍ വൈദ്യുതത്തൂണില്‍ ഇടിപ്പിച്ച് വാഹനാപകടമുണ്ടാക്കി. പിന്നീട് യാചകനെ ഡ്രൈവര്‍ സീറ്റില്‍ ഇരുത്തി കാറിന് തീവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അനില്‍സിംഗ് ചൗധരിയുടെ പിതാവ് വിജയ്പാല്‍സിംഗ് മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ സ്വന്തം ഗ്രാമത്തില്‍ സംസ്‌കരിച്ചു. പിന്നീട് വിജയ്പാല്‍സിംഗ് ചൗധരി തന്റെ മകന്റെ അപകട മരണ ഇന്‍ഷുറന്‍സ് ഇനത്തില്‍ 80 ലക്ഷം രൂപ സ്വന്തമാക്കുകയും പണം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
തന്റെ വിഹിതം വാങ്ങി 2006ല്‍ അഹമ്മദാബാദിലെത്തിയ അനില്‍സിംഗ് ചൗധരി പിന്നീട് ഉത്തര്‍പ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയില്ല. പേര് രാജ്കുമാര്‍ ചൗധരി എന്നാക്കി മാറ്റി ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡും സ്വന്തമാക്കി. ഉപജീവനത്തിനായി അദ്ദേഹം ഓട്ടോയും പിന്നീട് ഒരു കാറും ബാങ്ക് വായ്പയെടുത്ത് വാങ്ങി. പിടിയിലാകാതിരിക്കാന്‍ അനില്‍സിംഗ് ചൗധരി 17 വര്‍ഷമായി ഒരിക്കല്‍പ്പോലും കുടുംബത്തിലെ ഒരാളെയെങ്കിലും ഫോണില്‍പ്പോലും ബന്ധപ്പെട്ടില്ല.