രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
അമിത് ഷാ സഞ്ചരിച്ച പ്രത്യേകം തയാറാക്കിയ വാഹനം വൈദ്യുതി ലൈനില്‍ മുട്ടിയെങ്കിലും അപകടത്തില്‍നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാനിലെ നഗൗറിലാണ് സംഭവം. ബിദ്യുദ് ഗ്രാമത്തില്‍നിന്ന് പര്‍ബത്സാറിലേക്കാണ് ഷായുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് പ്രചാരണ വാഹനം വൈദ്യുതി ലൈനില്‍ തട്ടി തീപ്പൊരി ചിതറിയത്.
പ്രചാരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനത്തിന്റെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തൊടുകയായിരുന്നു. ഈ സമയം ലൈനില്‍ നിന്ന് തീപ്പൊരി ഉണ്ടാവുകയും. വയര്‍ പൊട്ടുകയും ചെയ്തു. അമിത് ഷായുടെ 'രഥ'ത്തിന് പിന്നിലെ മറ്റ് വാഹനങ്ങള്‍ ഉടന്‍ നിര്‍ത്തുകയും വൈദ്യുതി വിച്ഛേദിക്കുയും ആയിരുന്നു. അമിത് ഷായെ മറ്റൊരു വാഹനത്തില്‍ സമ്മേളന സ്ഥലത്തേക്ക് എത്തിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടു. നവംബര്‍ 25നാണ് രാജസ്ഥാനിലെ വോട്ടെടുപ്പ്.