'എന്നോട് ഒരു മൃഗത്തെപ്പോലെയാണ് പെരുമാറിയത്, അതിന് ശേഷം ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു, പതിയെ അതില്‍ നിന്ന് കര കയറി വന്നപ്പോള്‍ ആ വീഡിയോയും വൈറലായി, അതോടെ ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി' മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സ്ത്രീകളിലൊരാള്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്.
രാജ്യത്തെ ഒന്നടങ്കം നടുക്കുകയും ലോകസമൂഹത്തിനു മുന്നില്‍ നാണംകെടുത്തുകയും ചെയ്ത സംഭവം നടന്നിട്ട് ആറു മാസങ്ങള്‍ പിന്നിടുന്നു. മണിപ്പൂരില്‍ വംശീയ കലാപത്തിനിടെയാണ് മെയ്തി ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്തത്. മെയ്യില്‍ നടന്ന സംഭവം പക്ഷേ പുറം ലോകം അറിയുന്നത് ജൂലൈയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്.
ഇപ്പോള്‍ ആറു മാസത്തിനു ശേഷം ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും അതുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ്. നിലവില്‍ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ വീടിനുള്ളില്‍ ഒളിവില്‍ കഴിയുകയാണ് ഇവര്‍ രണ്ട് പേരും.
സംഭവം നടക്കുന്നതിന് മുന്‍പ് അവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയായിരുന്നു, മറ്റെയാള്‍ രണ്ട് കൊച്ചുകുട്ടികളെ പരിചരിച്ച് ഭര്‍ത്താവുമൊത്ത് വീട്ടില്‍ സന്തോഷവതിയായി കഴിയുകയായിരുന്നു. 'ഇനി ഒരിക്കലും ഒന്നും പഴയതുപോലെ ആവില്ല' എന്നാണ് അവര്‍ പറയുന്നത്. 'ആരെയും അഭിമുഖീകരിക്കാന്‍ വയ്യ, ഞങ്ങള്‍ക്ക് ആത്മാഭിമാനമുള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടു. വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു' നിറകണ്ണുകളോടെ അവര്‍ പറയുന്നു.
കരയുന്നതിനിടയിലും ഉറച്ച ശബ്ദത്തോടെ അവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്, 'ഇതിന്റെ പേരില്‍ ഞങ്ങള്‍ മരിക്കില്ല. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജീവിക്കും, അതിനായി ശബ്ദമുയര്‍ത്തും..' ഇരുളടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുമ്പോഴും തോറ്റ് പിന്മാറാന്‍ തയാറല്ല എന്നാണ് അവരുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.