തമിഴ്‌നാട് അംബാസമുദ്രം കസ്റ്റഡി മര്‍ദ്ദന കേസില്‍ എഎസ്പി ബല്‍വീര്‍ സിംഗിനെ വിചാരണ ചെയ്യാന്‍ അനുമതി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഉള്‍പ്പെടെ കൊടിയ മര്‍ദ്ദനം നേരിട്ടെന്ന പരാതിയിലാണ് ബല്‍വീര്‍ സിംഗിനെ വിചാരണ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് പല്ലുകള്‍ പറിച്ചെടുക്കുക വായില്‍ കല്ലുകള്‍ നിറച്ച് കവിളത്തടിക്കുക ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് കസ്റ്റഡി പീഡന കേസില്‍ അരങ്ങേറിയത്.
2020 ബാച്ച് ഐപിഎസ് ഓഫീസറായ ബല്‍വീര്‍ സിംഗ് അംബാസമുദ്രം സബ് ഡിവിഷനില്‍ എഎസ്പി ആയിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ കസ്റ്റഡി പീഡനം നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന 15 പേരുടെ പല്ലുകള്‍ പറിച്ചെടുത്തെന്നാണ് കേസ്. ക്രൂര മര്‍ദ്ദനത്തിനിരയായവര്‍ ബല്‍വീര്‍ സിംഗിന്റെ പീഡനത്തെ കുറിച്ച് പറഞ്ഞത് തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.
ഏപ്രില്‍ മാസത്തില്‍ ബല്‍വീര്‍ സിംഗിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. കേസിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പി അമുത ഐഎഎസിന്റെ ഇടക്കാല റിപ്പോര്‍ട്ട് വന്നതിന് ശേഷം തമിഴ്‌നാട് ഡിജിപി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബല്‍വീര്‍ സിംഗിനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിക്കാന്‍ വൈകിയത് ഐപിഎസ് ലോബിയുടെ സമ്മര്‍ദ്ദം കാരണമെന്നാണ് സൂചന. വിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ അന്വേഷണ സംഘം ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തില്‍ പീഡനത്തിനിരയായ പന്ത്രണ്ടോളം പേരുടെ മൊഴികളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്.