ബംഗളൂരുവിലെ ജെപി നഗറിലെ വസതിയില്‍ ദീപാവലി ആഘോഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തില്‍ കുമാരസ്വാമിക്കെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് (വൈദ്യുതി മോഷണം) പ്രകാരമാണ് കേസെടുത്തത്. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക് വൈദ്യുത തൂണില്‍ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് അലങ്കാര വിളക്കുകള്‍ പ്രകാശിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, വീട് അലങ്കരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് സംഭവിച്ച തെറ്റാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. വീടിന്റെ മീറ്റര്‍ ബോര്‍ഡുമായി ബന്ധിപ്പിച്ച് സ്ഥിതിഗതികള്‍ ഉടന്‍ പരിഹരിച്ചതായി കുമാരസ്വാമി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ബെസ്‌കോം ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഷയം കോണ്‍ഗ്രസ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തില്‍ ബെസ്‌കോം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.