ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയ്യാറായിരുന്നെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വെളിപ്പെടുത്തല്‍. ഇന്‍സമാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ രംഗത്തെത്തി. പാകിസ്ഥാനിലെ തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന താരിഖ് ജമീലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്‍സമാം ഉള്‍ ഹഖ് ഹര്‍ഭജനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
2006ല്‍ പാകിസ്ഥാനില്‍ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇന്‍സമാമിന്റെ പരാമര്‍ശം. അന്ന് പാകിസ്ഥാന്‍ താരങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് താരിഖ് ജമീല്‍ ആയിരുന്നു. ഇന്‍സമാമിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് എത്തി. ഇവര്‍ക്കൊപ്പം പ്രാര്‍ഥനക്ക് ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.
അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലം താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഹര്‍ഭജന്‍ എന്നോട് പറഞ്ഞു, എന്റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെന്നും ഇന്‍സമാം പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ ഹര്‍ഭജന്‍ സിംഗ് ഇന്‍സമാമിന് മറുപടിയുമായെത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഞാന്‍ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്ന് ഹര്‍ഭജന്‍ ട്വീറ്റില്‍ പറഞ്ഞു.