ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ രാജ്യാന്തര വിമാന കമ്പനിയില്‍ കാബിന്‍ ക്രൂവായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചഗ്ലയെ (28) ബെളഗാവിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 28 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഔട്ടില്‍ ഹസീന (48) ,മക്കളായ അഫ്‌നാന്‍ (23) അസീം (12) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ്. ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതക പരമ്പര.
എയര്‍ഹോസ്റ്റസായ അയ്‌നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്. അയ്‌നാസും പ്രവീണും തമ്മില്‍ നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്‌നാസ് മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്. അയ്‌നാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. അയ്‌നാസിനെ കൊല്ലുക മാത്രമായിരുന്നു പ്രവീണ്‍ ലക്ഷ്യമിട്ടിരുന്നത്. മറ്റുള്ളവര്‍ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഹസീനയുടെ ഭര്‍തൃ മാതാവിനും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വഞ്ചിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പറഞ്ഞു.