കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഇനി ചാമുണ്ഡേശ്വരി ദേവിയും. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ മാസവും ക്ഷേത്രത്തിലേക്ക് 2000 രൂപ ലഭിക്കും.
കോണ്‍ഗ്രസ് എംഎല്‍സിയും പാര്‍ട്ടി സംസ്ഥാന മീഡിയ സെല്‍ വൈസ് പ്രസിഡന്റുമായ ദിനേശ് ഗൂലിഗൗഡയാണ് എല്ലാ മാസവും ക്ഷേത്രത്തിലേക്ക് 2000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചത്. നിര്‍ദേശം ഡികെ അംഗീകരിച്ചുവെന്നും ഇനി മുതല്‍ എല്ലാ മാസവും ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രിയായ ലക്ഷ്മി ഹെബ്ബാള്‍ക്കറോട് നിര്‍ദ്ദേശിച്ചതായും ദിനേശ് ഗൂലിഗൗഡ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധതി. കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. ഇതുപ്രകാരം സാമ്പത്തികമായി ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങളിലെ ഗൃഹനാഥമാര്‍ക്ക് പ്രതിമാസം 2000 രൂപയാണ് ലഭിക്കുന്നത്.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന ഗൃഹജ്യോതി, ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ, തൊഴില്‍രഹിതരായ ബിരുദധാരികളായ യുവാക്കള്‍ക്ക് 3,000 രൂപയുടെയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി, പൊതുഗതാഗത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ശക്തി എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.