മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം ; അമ്മയും കാമുകനും അറസ്റ്റില്‍ ; ഒരു മണിക്കൂറോളം കുഞ്ഞിനെ മര്‍ദ്ദിച്ചെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം ; അമ്മയും കാമുകനും അറസ്റ്റില്‍ ; ഒരു മണിക്കൂറോളം കുഞ്ഞിനെ മര്‍ദ്ദിച്ചെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്
മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗര്‍കോവില്‍ സ്വദേശിനി പ്രബിഷ, ഇവരുടെ കാമുകന്‍ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദ്ദാം ഹുസൈന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഒരു വയസുള്ള മകനെയാണ് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മദ്യം നല്‍കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഇരയമന്‍തുറ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ചീനുവിന്റെ ഭാര്യയാണ് പ്രബിഷ. നാലു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. കൊല്ലപ്പെട്ട ഒരു വയസുള്ള അരിസ്റ്റോ ബ്യൂലനെ കൂടാതെ മൂന്നു വയസുള്ള നട്‌സണ്‍ റോയി എന്നൊരു മകനും ഇവര്‍ക്കുണ്ട്. ഇതിനിടയിലാണ് പ്രബിഷ മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് സദ്ദാം ഹുസൈനുമായി പ്രണയത്തിലാകുന്നത്. ഭാര്യയുടെ പ്രണയത്തെ കുറിച്ചറിഞ്ഞ ചീനു ഇത് ചോദ്യം ചെയ്തു. ഇതോടെ ചീനുവും പ്രബിഷയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുകയായിരുന്നു.

ഇതിനിടെ പ്രബിഷ ഇളയ മകന്‍ അരിസ്റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിട്ടു. തൂത്തുക്കുടിയിലായിരുന്ന ഇവര്‍ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴിപണയിലെത്തിയത്. മുഹമ്മദ് സദാം ഹുസൈനും പ്രബിഷയ്ക്കും രാത്രിയില്‍ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്റ്റോ ബ്യൂലന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കരഞ്ഞു. തുടര്‍ന്ന് മദ്യലഹരിയിലിരുന്ന സദാം ഹുസൈന്‍ കുട്ടിയുടെ വായില്‍ മദ്യം ഒഴിച്ചു. കരച്ചില്‍ നിറുത്താത്തതിനെ തുടര്‍ന്ന് തലയില്‍ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.

ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. ബോധം വരാത്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വായില്‍ മദ്യമൊഴിച്ച ശേഷം തലയില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നല്‍കിയ ശേഷം കുട്ടിയെ ഒരു മണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.




Other News in this category



4malayalees Recommends