ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേര്‍ന്ന് ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. കേസ് പിന്‍വലിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേര്‍ഹ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലക്കേസില്‍ പ്രതിയായ ഇയാളുടെ സഹോദരനും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് പ്രതി പവന്‍ നിഷാദ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജാമ്യത്തിലിറങ്ങിയ പ്രതി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികള്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയിട്ടും അതിജീവിത പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. പെണ്‍കുട്ടിയും കുടുംബവും വയലില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ മാരകായുധങ്ങളുമായി കാത്തു നില്‍ക്കുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ പ്രതിയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.
ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.