യൂബര്‍ ടാക്‌സി അധികമായി ഈടാക്കിയ 100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു: യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

യൂബര്‍ ടാക്‌സി അധികമായി ഈടാക്കിയ 100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു: യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
യൂബര്‍ ടാക്‌സി യാത്രയില്‍ അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചയാള്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഗൂഗിളില്‍ പരതി കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് പണി കിട്ടിയത്. ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെത്തിയ നമ്പറിലേക്ക് വിളിച്ചയാളെ തട്ടിപ്പുകാര്‍ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എസ്.ജെ എന്‍ക്ലേവില്‍ താമസിക്കുന്ന പ്രദീപ് ചൗധരിയ്ക്കാണ് പണം നഷ്ടമായത്. ഗുരുഗ്രാമിലേക്ക് യൂബര്‍ ടാക്‌സി വിളിച്ച് യാത്ര ചെയ്ത ഇയാളില്‍ നിന്ന് 205 രൂപയ്ക്ക് പകരം 318 രൂപ യൂബര്‍ ഈടാക്കി. പിശക് ചൂണ്ടിക്കാണിച്ചപ്പോള്‍ ഡ്രൈവറാണ് യൂബറിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞാല്‍ റീഫണ്ട് ലഭിക്കുമെന്ന് അറിയിച്ചത്.

കസ്റ്റമര്‍കെയര്‍ നമ്പറിനായി തിരഞ്ഞപ്പോള്‍ 6289339056 എന്ന നമ്പറാണത്രെ ആദ്യം ലഭിച്ചത്. ഇതിലേക്ക് വിളിച്ചപ്പോള്‍ 6294613240 എന്ന നമ്പറും പിന്നീട് 9832459993 എന്ന മറ്റൊരു നമ്പറും കിട്ടി. രാകേഷ് മിശ്ര എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി അറിയിച്ചപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Rust Desk app' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് പേടിഎം ഓപ്പണ്‍ ചെയ്യാനും ശേഷം റീഫണ്ട് കിട്ടാന്‍ rfnd 112 എന്ന് മെസേജ് അയക്കാനും ഇയാള്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനാണ് എന്നും പറഞ്ഞതായി ചൗധരി പരാതിയില്‍ വിശദീകരിക്കുന്നു.

വിവരങ്ങളെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ആദ്യം 83,760 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് പോയതായി അറിയിച്ചുകൊണ്ട് സന്ദേശം ലഭിച്ചു. അതുല്‍ കുമാര്‍ എന്ന് പേരുള്ള അക്കൗണ്ടിലേക്കാണ് ഈ പണം പോയത്. പിന്നാലെ നാല് ഇടപാടുകള്‍ കൂടി നടത്തി നാല് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ പിന്ന് പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. മൂന്ന് ഇടപാടുകള്‍ പേടിഎം വഴിയും ഒരെണ്ണം പിഎന്‍ബി ബാങ്ക് വഴിയുമാണ് നടത്തിയത്.

Other News in this category



4malayalees Recommends