അന്‍പതിലേറെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പ്രധാന അധ്യാപകനെതിരെ 142 വിദ്യാര്‍ത്ഥിനികള്‍ കൂടി പരാതിയുമായി രംഗത്ത്. ഹരിയാനയിലെ ജിന്‍ഡ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് വ്യാപക പരാതി. ഇയാള്‍ക്കെതിരെ 50 വിദ്യാര്‍ത്ഥിനികളാണ് ആദ്യം പരാതി നല്‍കിയത്.
സംസ്ഥാന വനിതാ കമ്മീഷനില്‍ 50 പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പത്ത് വിദ്യാര്‍ത്ഥിനികള്‍ അധ്യാപകന്റെ അതിക്രമം നേരില്‍ കണ്ടതായി അറിയിച്ച് നല്‍കിയ പരാതിയും വനിതാ കമ്മീഷന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ അറുപത് വിദ്യാര്‍ത്ഥിനികളുടെ പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല.
ഒരു മാസം പിന്നിട്ടിട്ടും തങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ട് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ റേണു ഭാട്ടിയ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. ഓഫീസ് മുറിയിലേക്ക് കുട്ടികളെ വിളിച്ച് വരുത്തിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്.
പ്രതിയെ പൊലീസ് നവംബര്‍ 5ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 142 കുട്ടികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ ഒക്ടോബര്‍ 27ന് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്