മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. ബീഹാറിലെ പാട്നയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷേര്‍ സിംഗ് ആണ് മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.
ചൊവ്വാഴ്ച മദ്യലഹരിയില്‍ ഷേര്‍ സിംഗ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെ രോഷാകുലരായ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ഷേര്‍ സിംഗിനെ പിന്തുടര്ന്ന് പിടികൂടി. രോഷാകുലരായ ജനക്കൂട്ടത്തെ കണ്ടതോടെ ഇയാള്‍ പൊലീസ് വാഹനത്തില്‍ ഓടിക്കയറി. തുടര്‍ന്ന് വാഹനം ജനങ്ങള്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
അതേ സമയം മദ്യപിച്ചെത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷേര്‍ സിംഗ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് ജനക്കൂട്ടം തടഞ്ഞുവച്ചതായി പാട്ന പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായും പാട്ന പൊലീസ് അറിയിച്ചു.