ബംഗളൂരുവില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത യുവാവിന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. ബംഗളൂരു കോടതി 47കാരനായ അഭിഷേക് ചേതനാണ് ഒന്‍പത് വര്‍ഷത്തെ തടവും 42,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണം.
പ്രതി പിഴ ഒടുക്കിയാല്‍ അതില്‍ നിന്ന് 40,000 രൂപ പിതാവ് പരമേഷിന് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റ് 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2002ല്‍ വിവാഹിതനായ ശേഷം വീട്ടില്‍ നിന്നും മാറി താമസിക്കുകയായിരുന്നു പ്രതി അഭിഷേക്. സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി പരമേഷിനെ സമീപിച്ചിരുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പരമേഷ് മുഴുവന്‍ സ്വത്തും നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയായിരുന്നു പ്രതി പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പരമേഷിനെ ആക്രമിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പരമേഷിനെ ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല.
ബംഗളൂരുവിലെ ജെപി നഗര്‍ പൊലീസാണ് പ്രതിയ്‌ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വധശ്രമം, സ്വത്ത് തട്ടിയെടുക്കല്‍ ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.