ശമ്പളം ചോദിച്ചതിന് സെയില്‍സ് മാനേജറെ ബെല്‍റ്റുകൊണ്ട് മര്‍ദ്ദിച്ചു, ഷൂ നക്കാന്‍ പ്രേരിപ്പിച്ചതായും പരാതി

ശമ്പളം ചോദിച്ചതിന് സെയില്‍സ് മാനേജറെ ബെല്‍റ്റുകൊണ്ട് മര്‍ദ്ദിച്ചു, ഷൂ നക്കാന്‍ പ്രേരിപ്പിച്ചതായും പരാതി
ശമ്പളം ചോദിച്ചതിന് ദളിത വിഭാഗത്തില്‍പ്പെടുന്ന സെയില്‍സ് മാനേജറെ ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള സംരംഭക ഷൂ നക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന് പുറമെ അഞ്ചുപേര്‍ യുവാവിനെ ബെല്‍റ്റുകൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. 18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയായാണ് റാണിബ പട്ടേലിന്റെ ക്രൂരത.

സെറാമിക് കമ്പനിയുടെ ഉടമയും പ്രൊമേട്ടറുമാണ് റാണിബ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തന്റെ വീഡിയോ പകര്‍ത്തിയതായും മോര്‍ബി എ ഡിവിഷന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് ആരോപിച്ചു. ഓം പട്ടേല്‍, രാജ് പട്ടേല്‍, പരിക്ഷിത്, ഡിഡി റാബറി എന്നിവരാണ് യുവാവിനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത ഒരാള്‍ കൂടി ഈ സംഘത്തിലുണ്ട്.

കഴിഞ്ഞമാസം ദല്‍സാനിയയെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തടഞ്ഞുവെച്ച 18 ദിവസത്തെ തന്റെ ശമ്പളം ചോദിച്ച് ഇയാള്‍ ബുധാനഴ്ച റാണിബയെ സമീപിച്ചു. ദല്‍സാനിയയുടെ മൂത്ത സഹോദരന്‍ മെഹുലും സുഹൃത്ത് ഭവേഷ് മക്‌വാനയും ഒപ്പമുണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രാജ് പട്ടേലും റാബറിയും ചേര്‍ന്ന് അടിച്ചു. ഇതിന് ശേഷം എല്ലാവരും ചേര്‍ന്ന് ദല്‍സാനിയയെ മര്‍ദിച്ചു. പിന്നാലെ, ഇയാളെ ഓഫീസ് കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി അവിടെവെച്ച് ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ ദല്‍സാനിയയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.പരിക്കേറ്റയാള്‍ ചികിത്സയിലാണ്.

ജോലി ചെയ്ത 18 ദിവസത്തെ ശമ്പളമാണ് ദല്‍സാനിയ ചോദിച്ചത്. ഇത് ഏകദേശം 12,000 രൂപയുണ്ട്. ഈ പണം ചോദിച്ചതിന്റെ പേരിലായിരുന്നു ക്രൂരത.

Other News in this category



4malayalees Recommends