ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു,മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അധ്യാപികയ്‌ക്കെതിരെ പരാതി

ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു,മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അധ്യാപികയ്‌ക്കെതിരെ പരാതി
ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്നാണ് പിതാവിന്റെ പരാതി.

തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇക്കാര്യത്തില്‍ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി.

ശുദ്ധ വെജിറ്റേറിയനായ തന്റെ മകള്‍ക്ക് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്നും ഇതേത്തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ടീച്ചര്‍ തന്നെ മുട്ട കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാല്‍ അടി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അധ്യാപികക്ക് എതിരെയുള്ള ആരോപണം.

കുട്ടികള്‍ക്ക് മുട്ട, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വാഴപ്പഴം എന്നിവ നല്‍കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് എന്തൊക്കെ ഭക്ഷണം നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒരു മീറ്റിങ് വിളിച്ചതിന് ശേഷം തീരുമാനിക്കണമായിരുന്നുവെന്നും പിതാവ് പറയുന്നു.

അതേസമയം, ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് അധ്യാപിക ചെയ്തതെന്നാണ് ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

Other News in this category



4malayalees Recommends