പിറന്നാള്‍ ദിനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യ മര്‍ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയിലാണ് സംഭവം. നിഖില്‍ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
ജന്മദിനം ആഘോഷിക്കാന്‍ നിഖില്‍ രേണുകയെ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. രേണുകയുടെ പിറന്നാള്‍ ദിനത്തില്‍ ദുബായില്‍ കൊണ്ടുപോവുകയോ വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്തില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഡല്‍ഹിയില്‍ പോകണമെന്ന ആഗ്രഹത്തിനും നിഖിലില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതും രേണുകയ്ക്ക് നിഖിലിനോട് ദേഷ്യം ഉണ്ടാവാന്‍ കാരണമായെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും, വഴക്കിനിടയില്‍ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും ചില പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു.