വിവാഹം കഴിപ്പിക്കുന്നില്ല; തര്‍ക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും

വിവാഹം കഴിപ്പിക്കുന്നില്ല; തര്‍ക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും
വിവാഹം നടക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യപ്രദേശില്‍ പോലീസുകാരനെ കൊലപ്പെടുത്തി ബന്ധുക്കള്‍. ഗ്വാളിയാര്‍ സ്വദേശിയായ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് (എസ്എഎഫ്) കോണ്‍സ്റ്റബിള്‍ അനുരാഗ് രജാവത് (32) ആണ് കൊല്ലപ്പെട്ടത്. അനുരാഗിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരനായ പിതാവ് സുഖ്വീര്‍ രജാവത്, ഇളയമകന്‍ ഗോവിന്ദ്, കുടുംബസുഹൃത്ത് ബീം സിങ് പരിഹാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അനുരാഗ് തന്റെ വിവാഹം നടത്താത്തത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യങ്കളിയില്‍ കലാശിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭോപ്പാലില്‍ ജോലി ചെയ്യുകയായിരുന്നു അനുരാഗ്. വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാത്തത് സംബന്ധിച്ച് സ്ഥിരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു ഇയാളെന്നാണ് വിവരം. അതേസമയം, കടുത്ത മദ്യപാനിയായിരുന്ന അനുരാഗിന്റെ വിവാഹാലോചനകളെല്ലാം സ്ഥിരമായി മുടങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്നാണ് ബുധനാഴ്ച തര്‍ക്കമുണ്ടായത്. ഈസമയത്ത് വീട്ടില്‍ സഹോദരനും പിതാവും സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. തര്‍ക്കം രൂക്ഷമായതോടെ ഗോവിന്ദ് അനുരാഗിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനുരാഗ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചെങ്കിലും രാത്രി പെട്രോളിങ്ങിനെത്തിയ പോലീസിനുമുന്നില്‍ കുടുങ്ങി.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഗിര്‍വായ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് മൂവരും പിടിയിലാവുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. മൂവരെയും കസ്റ്റഡിയിലെടുത്ത് അല്‍പ്പ സമയത്തിനകം എസ്എഎഫ് പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends