നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ, ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെലങ്കാനയില്‍ ബിആര്‍എസിനെയും മധ്യപ്രദേശില്‍ ബിജെപിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് പ്രതികരണം.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് എന്ന എക്‌സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍, വിജയിക്കുന്ന എംഎല്‍എമാരെ ആഡംബര റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുമെന്നും കാവല്‍ ഏര്‍പ്പെടുത്തുമെന്നും പ്രചാരണങ്ങളുണ്ട്. മധ്യപ്രദേശില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ണാടകയിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 'ഞങ്ങളുടെ ദേശീയ സംസ്ഥാന നേതാക്കള്‍ ആത്മവിശ്വാസത്തിലാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെയും വിലയ്‌ക്കെടുക്കാന്‍ കഴിയില്ല,' എന്നാണ് കോണ്‍ഗ്രസിന്റെ കര്‍ണാടക വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ശിവകുമാര്‍ വ്യക്തമാക്കിയത്. റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎല്‍എമാരും വിശ്വസ്തരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുണ്ട്. അവര്‍ 'ഓപ്പറേഷന്‍ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കെസിആര്‍ ഇതിനകം നിരവധി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. പക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഡി കെ അവകാശപ്പെട്ടു. 119 അംഗ തെലങ്കാന നിയമസഭയില്‍ കുറഞ്ഞത് 62 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.