ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് നടനും ഡിഎംഡികെ ചെയര്‍മാനുമായ വിജയകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കുടുംബം. വിജയകാന്ത് ആരോഗ്യത്തോടെ യിരിക്കുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. 14 ദിവസംകൂടി ആശുപത്രിയില്‍ക്കഴിയണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രി രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലുള്ളത്. അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ബുള്ളറ്റിനിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ദുഷ്പ്രചാരണങ്ങള്‍ പാടില്ലെന്ന് ഭാര്യ പ്രേമലത വ്യക്തമാക്കിയത്.
നടനും സംവിധായകനുമായ നാസര്‍ വിജയകാന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. വിജയകാന്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി സന്ദര്‍ശനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അഭ്യൂഹങ്ങളില്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.