രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍
രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മുന്നോട്ട് പോകുമ്പോള്‍ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോണ്‍ഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. ബിജെപിയെ തകര്‍ത്ത് കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാര്‍ട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോല്‍വിക്ക് കാരണമായതെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

ബിജെപി കോണ്‍ഗ്രസിലെ തമ്മിലടി കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടംവലികള്‍ പരിഹരിക്കപ്പെട്ടുവെന്ന് പല തവണ നേതൃത്വം ആവര്‍ത്തിച്ചെങ്കിലും ആ മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് ഫലം വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്ന അവസ്ഥയുമുണ്ടായി.

മന്ത്രിമാര്‍ക്ക് എല്ലാവര്‍ക്കും വീണ്ടും സീറ്റ് നല്‍കണമെന്നും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവര്‍ക്കും പിന്തുണച്ച സ്വതന്ത്രര്‍ക്കും സീറ്റ് നല്‍കണമെന്നുമാണ് ഗെഹ്ലോട്ടിന്റെ നിബന്ധന. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. വിജയ സാധ്യതയുള്ള സീറ്റുകള്‍ കൂടുതല്‍ നേടിയെടുക്കാന്‍ ഗെഹ്ലോട്ടും സച്ചിനും തമ്മില്‍ വടംവലിയും നടന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ ബി ജെ പിക്ക് വമ്പന്‍ മുന്നേറ്റമാണെന്നാണ് വ്യക്തമാകുന്നത്.

മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയിലേക്ക് കുതിക്കുന്ന ബി ജെ പി രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന വിജയത്തിലേക്കാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം 157 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില. കോണ്‍ഗ്രസാകട്ടെ കേവലം 69 സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്.

Other News in this category



4malayalees Recommends