നടന്‍ രജനീകാന്തിന്റെ പേരില്‍ പണം വാങ്ങിച്ച് പറ്റിച്ച കേസില്‍ ഭാര്യ ലതാ രജനീകാന്തിനോട് രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ബെംഗളൂരു കോടതി. ഡിസംബര്‍ ആറിനുമുമ്പ് കോടതിയില്‍ ഹാജരാകാനുള്ള കര്‍ശന നിര്‍ദേശമാണ് ലതയ്ക്ക് കോടതി നല്‍കിയിരിക്കുന്നത്.
2014ല്‍ രജനീകാന്ത് നായകനായി ഇറങ്ങിയ കൊച്ചടൈയാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെന്ന കേസിലാണ് നടപടി. ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ട്ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ബെംഗളൂരു ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനംചെയ്ത ചിത്രമായിരുന്നു കൊച്ചടൈയാന്‍.
ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസര്‍. ഇവര്‍ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതാ രജനീകാന്തായിരുന്നു ജാമ്യം. തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.
നേരത്തെ, കേസിലെ വഞ്ചനാക്കുറ്റം കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിക്കുകയായിരുന്നു. നാളെ ലതാ രജനീകാന്ത് ബെംഗളൂരു കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുമെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.