മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി സംശയിച്ചു കോണ്‍ഗ്രസ്. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തുവിട്ട് ആരോപണവുമായി ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേണ്‍ സമ്പൂര്‍ണ്ണമായി മാറിയത് എങ്ങനെയെന്നും എത്രനാള്‍ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു. മധ്യപ്രദേശിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വം മാറുന്നില്ലെന്നാണ് സൂചന. കമല്‍നാഥിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നാണ് തീരുമാനം. അതേസമയം, ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് ചൗഹാന്‍ തന്നെ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ കല്ലുകടി തുടരുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നും അന്നേ ദിവസം തനിക്ക് മറ്റ് പരിപാടികള്‍ ഉണ്ടെന്നും മമത പ്രതികരിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാനായാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്ന് ജെഡിയു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. നാളെയാണ് ഇന്ത്യ മുന്നണി.
അതേസമയം, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ഗാന്ധിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.