1500 രൂപ പ്രതിമാസ ശമ്പളം, പണം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയെ കൊലപ്പെടുത്തി 15 കാരന്‍

1500 രൂപ പ്രതിമാസ ശമ്പളം, പണം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയെ കൊലപ്പെടുത്തി 15 കാരന്‍
ശമ്പളം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത തൊഴിലുടമയെ കൊലപ്പെടുത്തി പതിനഞ്ചു വയസുകാരന്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂരില്‍ ആണ് ശമ്പളം തരാതെ ബുദ്ധിമുട്ടിച്ചയാളെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗോപാല്‍പൂരില്‍ ഹോട്ടല്‍ നടത്തിയിരുന്ന 37കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

നവംബര്‍ 29 ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഹോട്ടലുടമയുടെ മൃതദേഹം കണ്ടെത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. 1500 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു ഭഞ്ജനഗര്‍ പ്രദേശത്തു നിന്നുള്ള 15 വയസുകാരന്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ ശമ്പളം കൊടുക്കാതെ ഹോട്ടലടുമ കുട്ടിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ജോലി നിര്‍ത്തി പോകാനൊരുങ്ങിയ കുട്ടിയെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലില്‍ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു, ഒടുവില്‍ സഹികെട്ടാണ് കുട്ടി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നവംബര്‍ 29 ന് പുലര്‍ച്ചെ ഹോട്ടലുടമ താമസിക്കുന്ന വാടക മുറിയിലെത്തിയ 15 വയസുകാരന്‍ ഉറങ്ങിക്കിടക്കുന്ന 37 കാരനെ ആദ്യം ഒരു സിമന്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് നിരവധി തവണ മര്‍ദ്ദിച്ചു.

ഇയാളുടെ മരണം ഉറപ്പാക്കിയ ശേഷം വാതില്‍ പുറത്തു നിന്നും പൂട്ടി കുട്ടി സ്ഥലം വിട്ടു. രണ്ട് ദിവസമായി ഹോട്ടല്‍ തുറന്നിരുന്നില്ല. ഉടമ നാട്ടില്‍ പോയതായാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്. ഒടുവില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു.

Other News in this category



4malayalees Recommends