പാര്‍ലമെന്റിലെ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പ് ; ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പ്രതികള്‍,ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ ശ്രമിച്ചതെന്നും മൊഴി
പാര്‍ലമെന്റിലെ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്ന് പ്രതികള്‍. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ജനുവരി മുതല്‍ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി. അതേസമയം, പ്രതികളെ ഇന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോദ്യംചെയ്യും. സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ ശ്രമിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കി. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങുകയും പ്രതികളിലൊരാളായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തുകയും ചെയ്തു. ഇന്നലെ ലോക്‌സഭയില്‍ കയറുന്നതിനായി പ്രാദേശിക എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളില്‍ മൂന്ന് ദിവസം മുന്‍പാണ് എല്ലാവരും ദില്ലിയിലെത്തിയത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരുഗ്രാമില്‍ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്നു. ഇയാള്‍ പ്രതിഷേധം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം നല്‍കി സര്‍ക്കാരിന്റെ കര്‍ഷക സമരം,മണിപ്പുരടക്കം വിഷയങ്ങളിലെ എതിര്‍പ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.